Sunday 2 August 2020

ഏകാഗ്രമായ മനസ്സ് മൂലം പഠനം വിജയകരമാക്കാം

ഏകാഗ്രമായ മനസ്സ് മൂലം പഠനം വിജയകരമാക്കാം

ഇന്നത്തെ വിദ്യാർത്ഥികൾക്ക് മേൽ സമ്മർദ്ദം ഏറെയാണ്. ചെറുപ്പത്തിലേ തന്നെ കിടമത്സരങ്ങൾക്ക് ഇരയായും, വിധേയരായും സമ്മർദ്ദം പേറുന്നു, നമ്മുടെ കുട്ടികൾ. എന്നാൽ ചിട്ടയായ പഠനം എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാവുമ്പോൾ കുട്ടികൾ അതിനൊത്ത് മുന്നോട്ടു പോകാതെ നിവൃത്തിയും ഇല്ലാതെയാവുന്നു. പഠിക്കുന്നത് സ്വായത്തമാക്കുക എന്നത് വേറെ ഒരു തലമാണ്. പഠനം വിജ്ഞാനം നേടാനുള്ള ഒരു മാർഗ്ഗമാണ് എന്നതിലുപരി അത് ഉന്നതമായ ഒരു ജീവിതത്തിലേക്കുള്ള വഴി മാത്രമാകുമ്പോൾ വിദ്യാഭ്യാസം എന്നതിൻറെ ലക്ഷ്യം തന്നെ മാറുന്നു. ലക്ഷ്യം മനസിലാക്കി അതിൽ ശ്രദ്ധ ചെലുത്തിക്കൊണ്ട് പഠനത്തെ നല്ലൊരു അനുഭവമാക്കി മാറ്റാൻ മാതാപിതാക്കളും, അധ്യാപകരും കുട്ടികളെ ഒരുപോലെ സഹായിക്കേണ്ടതുണ്ട്.

പഠനസമയത്ത് ശ്രദ്ധ തിരിക്കുന്നവ ഒഴിവാക്കുക

കുട്ടിയുടെ പഠനം എന്നത് ഗൗരവകരമായി കാണേണ്ടുന്ന ഒന്നാണ്. അതിൽ മാതാപിതാക്കളും, വീട്ടിലുള്ള പ്രായമായവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ കുട്ടിയ്ക്ക് ശ്രദ്ധാപൂർവ്വം പഠിക്കാൻ സാധിക്കുകയുള്ളൂ. കുടുംബങ്ങളിൽ സാധാരണയായി കാണുന്ന രീതിയുണ്ട്. മാതാപിതാക്കൾ കുട്ടികളോട് കർശനമായി പെരുമാറുമ്പോൾ വീട്ടിലുള്ള പ്രായംചെന്നവർ അതിൽ എതിർപ്പ്  പ്രകടിപ്പിക്കുകയും,പഠനമടക്കമുള്ള കാര്യങ്ങളിൽ ഇത്രയും നിർബന്ധം പിടിക്കേണ്ടതില്ല എന്ന അയഞ്ഞ നിലപാട് എടുക്കുകയും ചെയ്യുന്നു. ഇത് കുട്ടിയ്ക്ക് ഗൗരവപൂർണ്ണമായി പഠനത്തെ കാണുന്നതിൽനിന്നും തടസ്സമാകുകയും, പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യും. കുട്ടി വീട്ടിൽ ഇല്ലാത്ത സമയത്ത് മറ്റു കുടുംബാംഗങ്ങൾ ഒന്നുചേർന്ന് വീട്ടിൽ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് ഒരു സമവായത്തിൽ എത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, വീട്ടിലെ പ്രായമായവർ കുട്ടിയുടെ പഠനസമയത്ത് സീരിയലുകൾ കാണുന്നവരാണെങ്കിൽ ഒന്നുകിൽ ടീവി ശബ്ദം കുറച്ചു വെയ്ക്കുകയോ, അല്ലെങ്കിൽ കുട്ടിയ്ക്ക് പഠനത്തിൽ ഏകാഗ്രത നഷ്ടമാകുന്ന വിധത്തിൽ സ്ഥാപിക്കാതിരിക്കുകയോ ചെയ്യുക. കഴിയുന്നതും കുട്ടിയുടെ പഠന സമയങ്ങളിൽ ടീവി ഓൺ ചെയ്യാതിരിക്കുകയാണ് ചെയ്യേണ്ടത്.

വ്യായാമം, പ്രാർത്ഥന

വ്യായാമം ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നതുപോലെ പ്രാർത്ഥന മനസ്സിനും സ്വാസ്ഥ്യം പകരുന്നു. പഠിക്കുന്ന കുട്ടികൾ യോഗ പോലുള്ള ലഘുവ്യായാമങ്ങൾ ശീലിക്കുന്നത് വളരെ നല്ലതാണ്. ശാരീരികാരോഗ്യം സന്തുലിതമായിരിക്കുന്നത് പഠനത്തിനും ഗുണം ചെയ്യും. അതുപോലെ ഈശ്വരധ്യാനം എപ്പോഴും ആത്മവിശ്വാസം പകർന്നു നൽകും. രാവിലെ അല്പസമയം പ്രാർത്ഥനയ്ക്കായി സമയം ചിലവഴിക്കുന്നത് വളരെ നല്ലതാണ്.

പഠനേതരകാര്യങ്ങൾ

പഠനം, പഠനം എന്നിങ്ങനെ എപ്പോഴും കുട്ടിയെ നിർബന്ധിച്ചാൽ അതൊരു മടുപ്പുണ്ടാക്കുന്ന അനുഭവമായി മാറും എന്നുറപ്പാണ്. ബുദ്ധിയുള്ള കുട്ടികൾ പോലും പഠനത്തിൽ പുറകോട്ടു പോകുന്നത്തിനു മുഖ്യകാരണം ഇതാണ്. പഠനത്തിനിടയിൽ ഒരല്പം ഇടവേളയെടുത്ത് കുട്ടിയെ അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള അവസരം നൽകാം. സംഗീതം ഇഷ്ടമുള്ള കുട്ടിയാണെങ്കിൽ അത് കേൾക്കാനും, പാടാനും ഒക്കെ അനുവദിച്ചാൽ കുട്ടിക്കും പഠനത്തിന് ഇടയിലെ ഇടവേളകൾ ഊർജ്ജസ്വലമായിതീരും. അതുപോലെതന്നെ വായന, പൂന്തോട്ടപരിപാലനം, എന്നിങ്ങനെ കുട്ടികളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ അവർക്ക് അനുവദിച്ചു കൊടുക്കുക.

പഠനം നന്നായി മുന്നോട്ട് കൊണ്ടുപോയില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ കുട്ടിയെ യഥാവിധി പറഞ്ഞു മനസ്സിലാക്കണം. പഠനത്തിൽ ശ്രദ്ധിക്കാത്തവരുടെ അനുഭവങ്ങൾ കുട്ടിക്ക് വിശദീകരിച്ചു കൊടുക്കുക. അതുപോലെ നന്നായി പഠിച്ചു, ഉന്നതജീവിതത്തിൽ എത്തിയവരുടെ ഉദാഹരണങ്ങളും കുട്ടിക്ക് പറഞ്ഞു കൊടുക്കണം. എങ്കിലേ പഠനത്തിൽ ശ്രദ്ധ ചെലുത്താനുംഏകാഗ്രതയോടെ മനസ്സിരുത്തി പഠിക്കാനും, മുന്നോട്ടു പോകുവാനും കുട്ടിക്ക് കഴിയുകയുള്ളൂ.

മക്കളെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ട പിന്തുണയുമായി കൺസൊലേസ് കൗൺസലിംഗ് സർവീസസ് നിങ്ങൾക്കൊപ്പമുണ്ട്. അവരുടെ മികച്ച ഭാവിയ്ക്കായി വിദഗ്ദ്ധോപദേശങ്ങൾ നൽകുവാൻ ഞങ്ങൾ സദാ സന്നദ്ധം!


No comments:

Post a Comment